ഭരണചരിത്രം
സമൂഹത്തിൻ പൂർണമായ പങ്കാളിത്തത്തോടും പ്രയതത്തോടും കൂടി സമൂഹത്തിനു മുഴുവൻ മെച്ചപ്പെട്ട ജീവിതം നേടിക്കൊടുക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഉടലെടുത്ത ഒരു പ്രസ‌്ഥാനമാണ് ‘സാമൂഹ്യവികസനം' ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കരടുരേഖയിൽ സാമൂഹ്യവികസന പദ്ധതിയെപ്പറ്റി പറയുന്നത് ഇപ്രകാരമാണ്. "വികസനപ്രവർത്തനങ്ങൾക്കുള്ള പ്രദേശങ്ങളാണ് സാമൂഹ്യവികസന കേന്ദ്രങ്ങൾ ഇവിടെ ഗവൺമെൻറിൻറെ എല്ലാ വികസന ഏജൻസികളെയും ഏകോപിപ്പിച്ച സംഘമാക്കി ജനകീയ പങ്കാളിത്തത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ട ഒരു പരിപാടി നടപ്പിലാക്കാൻ ശ്രമിക്കുന്നു.
1952ൽ പ്രാദേശിക തലത്തിൽ അങ്ങിങ്ങായി തുടങ്ങിയ കമ്മ്യൂണിറ്റി ഡവലപ്പ്മെൻറ് പ്രോഗ്രാം 1963 ആയപ്പോഴേക്കും 5243 CD ബ്ലോക്കുകളിലുടെ ഇന്ത്യയാകെ വ്യാപിച്ചു. ഈ പരിപാടിയുടെ ഭാഗമായി എൻ.ഇ.എസ് ബ്ലോക്കായി 1956ൽ കുഴൽമന്ദം ബ്ലോക്ക് നിലവിൽ വന്നു. 0.92 ഏക്കർ സഥലത്താണ് ഇപ്പോഴത്തെ ഓഫീസ് കെട്ടിടം പണിതിരിക്കുന്നത്. അന്നത്തെ കേരളാ ഗവർണർ ശ്രീ വി.വി. ഗിരി ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരംഭകാലത്ത് കണ്ണാടി, കോട്ടായി, തേങ്കുറുശ്ശി, മാത്തൂർ പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂർ, പെരുവെമ്പ്, പുതുശ്ശേരി എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കുഴൽമന്ദം ബ്ലോക്ക്. കുഴൽമന്ദം ബ്ലോക്കിന്റെ ആരംഭകാലത്ത് കൃഷി, മൃഗസംരക്ഷണം, കുടിൽവ്യവസായങ്ങൾ, വനിതാ ശിശു ക്ഷേമ പ്രവർത്തനങ്ങൾ, സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനം ഉണ്ടായിരുന്നു.
വികസന പരിപാടികൾക്ക് മതിയായ തുക ബജറ്റിൽ മതിയായ പരിപാടികൾക്ക് വകയിരുത്താത്തതുകൊണ്ട് പ്രവർത്തനങ്ങൾക്ക് പണം ലഭിക്കാത്ത അവസ്‌ഥ ഉളവായി. 1980 മുതൽ നടപ്പാക്കിയ കേന്ദ്രാവിഷംകൃത പദ്ധതികളായ IRDP NREP, ALEGP തുടങ്ങിയ ഒട്ടേറെ വികസന പരിപാടികൾ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. അതിൻറെ ഫലമായി ദാരിദ്ര്യരേഖക്ക് താഴെയുള്ള ഒട്ടേറെ പേരെ ദാരിദ്ര്യ വിമുക്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്. ബ്ലോക്കിലെ വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കുന്ന റോഡുകൾ നിർമ്മിക്കാനും കുടിവെള്ളത്തിന് പൊതുകിണർ, ജലസേചനത്തിന് പൊതുകുളങ്ങൾ എന്നിവ നിർമ്മിക്കാനും കഴിഞ്ഞിട്ടുണ്ട്. പുതിയ ദാരിദ്രനിർമ്മാർജ്ജന പദ്ധതികളും തൊഴിലുറപ്പ് പദ്ധതി പോലുള്ള തൊഴിൽദാന പദ്ധതികളും തുടർന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം 1890-ൽ മദ്രാസ് പ്രവിശ്യയുടെ കീഴിൽ നിലവിൽ വന്ന കോട്ടായി ഗവൺമെൻറ് ഹൈസ്‌കൂളാണ്. 1906-ൽ, ശ്രീ നെല്ലിക്കാട്ട് ബാലൻ നായർ സ്‌ഥാപിച്ച എലിമെൻററി സ്‌കൂളാണ് കുത്തനൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. 1908-ൽ പുത്തൻ വീട്ടിൽ ശ്രീ കുഞ്ഞിരാമൻ നായർ പെരിങ്ങോട്ടുകുറിശ്ശിയിൽ സ്ഥാപിച്ച എലിമെൻററി സ്കൂളാണ് പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. 1914 പടിഞ്ഞാറെ തറയിൽ ശ്രീ ഈശ്വരയ്യർ സ്‌ഥാപിച്ച വിദ്യാലയമാണ് മാത്തൂർ പഞ്ചായത്തിലെ ആദ്യ വിദ്യാലയം. 1915-ൽ കണ്ണനൂർ കളത്തിൽ വീട്ടിൽ കേലൻ മാസ്റ്റർ സ്ഥാപിച്ച ജെ.ബി.എസ്സ്. കണ്ണനൂർ ആണ് കുഴൽമന്ദം പഞ്ചായത്തിലെ ആദ്യസ്‌കൂൾ. 1919-ൽ വിളയൻചാത്തനൂരിലെ വളൂർ,വീട്ടിൽ ശ്രീ ചിന്നൻ നായർ സ്ഥഥാപിച്ച എയിഡഡ് എലിമെൻററി സ്‌കൂളാണ് തേങ്കുറിശ്ശി പഞ്ചായത്തിലെ ആദ്യവിദ്യാഭ്യാസ സ്ഥാപനം. 1929 - ൽ വട്ടേക്കാട്ടുരാമൻകുട്ടിനായർ സ്‌ഥാപിച്ച ബി.ഇ.എം. ഹയർ എലിമെൻററി സ്‌കൂളാണ് കണ്ണാടി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം.