ഇത് നിർമ്മാണത്തിനുള്ള വെബ്സൈറ്റ് ആണ്. ഇത് അപൂർണമാണ്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

      പാലക്കാട് ജില്ലയിൽ പടിഞ്ഞാറ് ഭാഗം തൃശ്ശൂർ ജില്ലയോട് ചേർന്ന് തെക്കു പടിഞ്ഞാറായാണ് കുഴൽമന്ദം ബ്ലോക്കിൻറെ സ്ഥാനം. ഏഴ് പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഈ ബ്ലോക്കിൻറെ വിസ്തീർണ്ണം 192.12 ചതുരശ്ര കിലോമീറ്ററാണ്. ഭൂപ്രകൃതിയിൽ വൈവിധ്യങ്ങൾ നിറഞ്ഞു നിൽക്കുന്നു. പ്രശസ്ത‌ ദേശീയ ഉദ്യാനമായ ചൂലന്നൂർ മയിൽ സങ്കേതം സ്ഥിതിചെയ്യുന്ന ചൂലന്നൂർ കാടും, ഇതിഹാസങ്ങളിൽ വരെ പരാമർശിക്കപ്പെടുന്ന ചിതലി മലയും, പ്രകൃതി രമണീയങ്ങളായ കുത്തനൂർ, കൊട്ടോട് കുന്നിൽ പ്രദേശങ്ങളും ഉൾപ്പെടെ സമതലങ്ങളും വയൽ പ്രദേശങ്ങളും നിറഞ്ഞതാണ് ബ്ലോക്കിന്റെ പൊതു പ്രകൃതി. ബ്ലോക്ക് പ്രദേശത്ത് കൂടുതലായി നെൽവയലുകളാണ് കാണുന്നത്. കൂടാതെ പരിമിതമായ തോതിൽ വാഴ, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവിളകളും, പച്ചക്കറികളും ബ്ലോക്ക് പ്രദേശത്ത് കൃഷി ചെയ്‌തു വരുന്നു. മലമ്പുഴ ജലസേചന പദ്ധതിയെ ആശ്രയിച്ചാണ് ബ്ലോക്ക് പ്രദേശത്തെ രണ്ടാംവിള കൃഷി ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിൻറെ  വടക്ക് ഭാഗത്ത് കൂടി ഭാരതപ്പുഴ ഒഴുകുന്നുണ്ട്.

     പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗങ്ങൾ ഉള്ളത് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഇപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടവരായി തുടരുകയാണ്. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ 413 പട്ടികജാതി സങ്കേതങ്ങളിലായി 6765 പട്ടികജാതി കുടുംബങ്ങൾ താമസിച്ചു വരുന്നുണ്ട്. ഈ ജനവിഭാഗങ്ങൾക്ക് ഭൂരിപക്ഷത്തിനും സ്വന്തമായി വീട്, മറ്റ് അധിക സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, റോഡ് എന്നിവ ലഭ്യമാക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്ത് സ്‌തുത്യർഹമായ പങ്ക് വഹിക്കുന്നുണ്ട്. വ്യവസായങ്ങളുടെ കാര്യത്തിൽ കുഴൽമന്ദം ബ്ലോക്ക് ഇപ്പോഴും പിന്നാക്കാവസ്ഥയിൽ തന്നെയാണ്. പരമ്പരാഗത വ്യവസായങ്ങളായ മൺപാത്ര നിർമ്മാണം, പനമ്പ് നെയ്ത്ത്‌ എന്നിവ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആളുകൾ ഉപജീവനമാർഗ്ഗമായി കാണുന്നുണ്ട്. അവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പരിശ്രമിക്കുന്നുണ്ട്. വരുന്ന 5 വർഷംകൊണ്ട് എല്ലാ ജനവിഭാഗങ്ങൾക്കും അടിസ്ഥാന ആവശ്യങ്ങളായ ഭവനം, കുടിവെള്ളം എന്നിവ ലഭ്യമാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുന്നതാണ്. ബ്ലോക്ക് പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്ന കുഴൽമന്ദം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സർക്കാരിൻറെ വികസന കാഴ്‌ചപ്പാടുകൾ വെളിപ്പെടുത്തുന്ന ഹരിതകേരളമിഷൻ, ആർദ്രം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് എന്നിവയുമായി യോജിച്ചു പോകുന്ന വികസന കാഴ്‌ചപ്പാടാണ് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതിയിൽ മുന്നോട്ട് വെക്കുന്നത്.